തിരുമുൽകാഴ്ച
പുൽക്കുടിലോളം താഴാൻ നീ കനിഞ്ഞതു,ണ്ണീ പുൽക്കൊടി പോലുള്ളോരെൻ ജന്മഭാഗ്യം, കാലപ്പിഴകൾക്കു മാപ്പേകുവാനല്ലോ കാലം പകുത്തിങ്ങു വന്നതും നീ ധരേ.. തിരുപ്പാദേ ഉടഞ്ഞു വീഴുന്നതു,ണ്ണീ, ശ്രേഷ്ഠമാം നാർദീൻ തൈലക്കുപ്പിയോ, പൊള്ളയാ,മെൻ അഹം ബോധമോ, അതോ, അനുതാപാർദ്രമാം ഹൃദയമോ?! ക്ഷമിക്കും സ്നേഹത്തിൻ നിലാവാലല്ലോ ഉണ്ണീ, നിനക്കായ് ഞാൻ തീർത്തു നേർത്ത കമ്പളം; പങ്കിടും സൗഹൃദത്തിൻ നിറചിരിയല്ലോ ഉണ്ണീ, നിനക്കുള്ളോ,രെൻ കിലുക്കാംപെട്ടികൾ.. തുളുമ്പും ഹൃദയപുഷ്പത്തിലെ തേൻകണം നിനക്കായ് ഞാൻ മൂളു,മീ താരാട്ടുപാട്ടുകൾ, മുറിച്ചു നല്കിടും കരുണാഭാവമല്ലോ ഉണ്ണീ, നിനക്കുള്ളോ,രെൻ തിരുമുൽകാഴ്ചകൾ!!
പൗരോഹിത്യ ദിനത്തിൽ
നാഥൻ തന്നുടെ വിളി കേട്ട് വിള കൊയ്യാനായ് വന്നവരേ, പൗരോഹിത്യ ശുശ്രൂഷ വൃതമായ് ചങ്കിൽ ചേർത്തവരേ, നിറകതിർ തിങ്ങണ പാടങ്ങൾ തിരഞ്ഞു പോകുക സാമോദം, കതിർമണി,യൊന്നും കളയാതെ അറുത്തെടുക്കുക കറ്റകളായ് ! വചനം പാത തെളിക്കട്ടെ, സ്നേഹം കാറ്റായ് വീശട്ടെ, പ്രാർത്ഥന,യാകും പാഥേയം ഉയിരേകട്ടെ നാൾതോറും ..
പണ്ടൊക്കെ
പണ്ടൊക്കെ, കാരിരുമ്പു പോലെ ഉറച്ചതായിരുന്നു നമ്മുടെ സൗഹൃദം; ആ സൗഹൃദത്തിന്റെ കണ്ണികൾ ഓരോന്നായ് അകന്നകന്നു പോയതെങ്ങനെയാണ്? പണ്ടൊക്കെ, കഞ്ഞിയും തേങ്ങാ ചമ്മന്തിയും കടുമാങ്ങാ ഉപ്പിലിട്ടതും പോലെ രുചികരമായിരുന്നു നമ്മുടെ കൂടിച്ചേരലുകൾ; ആ കൂടിച്ചേരലുകളുടെ ഉപ്പ് ഉറകെട്ടു പോയതെപ്പോഴാണ്? പണ്ടൊക്കെ, മരപ്പൊത്തിൽ നിന്നു കണ്ടെടുത്ത തേനടകൾ പോലെ മധുരവും പരിശുദ്ധവുമായിരുന്നു നമ്മുടെ സ്നേഹം; ആ മധുരസ്നേഹത്തേനടയിൽ കാപട്യത്തിന്റെ കയ്പുനീർ കലർത്തിയതാരാണ്? പണ്ടൊക്കെ, കുയിൽപ്പെണ്ണിന്റെ ഗാനവും നമ്മുടെ മറുപാട്ടിന്റെ ഈണവും നന്നായി ശ്രുതി ചേർന്നു നിന്നിരുന്നു; ഇന്ന് ആ കുയിൽനാദവും നമ്മുടെ കുസൃതിപ്പാട്ടും എവിടെ പോയ്മറഞ്ഞു? പണ്ടൊക്കെ, നമ്മളൊന്നിച്ചൊരു പുഴയുടെ കുളിരായ് മെല്ലെ മെല്ലെ ഒഴുകിയിരുന്നു; ഇന്നു ‘ഞാനും’ ‘നീയു'മായ് നമ്മൾ കൈവഴികളായ് പിരിഞ്ഞതെന്തേ?